ചേര്‍ത്തല: പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മൂന്നുനാളുകള് മാത്രം ശേഷിക്കേ മുന്നിലെത്താന്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ഇഞ്ചോടിഞ്ചു പോരാട്ടം. ഒരിക്കല്‍കൂടി എല്ലായിടത്തുമെത്താന്‍ ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍.
രണ്ടു ഘട്ടപ്രചാരണങ്ങള് പൂര്‍ത്തിയാക്കിയാണ് സ്ഥാനാര്‍ഥികള്‍ അവസാനവട്ടം വോട്ടര്‍മാര്‍ക്കു മുന്നിലെത്തുന്നത്.
ഇതിനൊപ്പം പ്രവര്‍ത്തകര്‍ സംഘങ്ങളായി വീടുകള്‍ കയറിയും കുടുംബയോഗങ്ങളൊരുക്കിയുമാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍. മുന്‍നിരനേതാക്കളടക്കം മണ്ഡലത്തിലെത്തിയുണ്ടാക്കിയ അലയൊലികള്‍ വോട്ടാക്കിമാറ്റാനുള്ള തന്ത്രങ്ങളുമായും മുന്നണി നേതൃത്വങ്ങള്‍ നീങ്ങുന്നുണ്ട്.യുഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്. രാജേന്ദ്രപ്രസാദ് ശനിയാഴ്ച വയലാറിലും ചേര്‍ത്തലയിലും വിവിധയിടങ്ങളില്‍ വോട്ടുതേടി.
കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാഹന ജാഥയില്‍ പങ്കെടുത്തു. തുടര്‍ന്ന് മുഹമ്മയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത സമ്മേളനത്തില്‍ പങ്കെടുത്തു. വൈകിട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലും പങ്കെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദ് ശനിയാഴ്ച തങ്കി പള്ളിയിലെത്തി വിശ്വാസികളെ കണ്ട് വോട്ടുതേടി. തുടര്‍ന്ന് അഴീക്കല്‍, ചെറുവാരണം, മുഹമ്മ നോര്‍ത്ത്, കുറുപ്പന്‍കുളങ്ങര, ചേര്‍ത്തല വടക്കുംമുറി എന്നിവിടങ്ങളില്‍ വിവിധയിടങ്ങളിലെത്തി വോട്ടുതേടി.
എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി. അനന്തരാജ് ചേര്‍ത്തലയില്‍ കയര്‍ ഫാക്ടറികള്‍ കേന്ദ്രീകരിച്ചാണ് വോട്ടുതേടിയത്. തുടര്‍ന്ന് വയലാറില്‍ സ്വീകരണ പര്യടത്തില്‍ പങ്കെടുത്തു.
പത്തു കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം നല്കി. വയലാര്‍ പാലത്തിനു സമീപം ബിജെപി ജില്ലാ സെക്രട്ടറി പി.കെ. ബിനോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു.